

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ പരിധിയില്‍ ദിനംപ്രതി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓടയിലേക്ക് തള്ളുന്നു. ആറ്റിങ്ങല്‍ അയിലം റോഡിൽ കരിച്ചിയില്‍ കലുങ്കിന് സമീപ പ്രദേശത്തെ ഓടകളിലാണ് പ്ലാസ്റ്റിക് കവറുകളും പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച ശേഷം വ്യാപകമായി ഓടയില്‍ തള്ളുന്നത്. ഇത്തരം കവറുകളില്‍ മഴയത്ത് വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്ന അവസ്ഥയുണ്ട്. ശക്തമായ മഴയില്‍ ഇത്തരം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സമീപത്തെ ജലസ്രോതസ്സില്‍ ഒഴുകി എത്തുന്നത് പതിവാണ്. ഇത്തരത്തില്‍ പല തവണ ഓടയില്‍ പ്ലാസ്റ്റിക്കുകള്‍ നിക്ഷേപിക്കുന്നത് ഫോട്ടോ സഹിതമുള്ള തെളിവുകള്‍ അടക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും ആരോപണം ഉയരുന്നു.



സമീപപ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് കവറുകളും പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുമാണ് ഇത്തരത്തില്‍ ഓടയിലേക്ക് വലിച്ചെറിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. കൂടാതെ ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളോ അജൈവമാലിന്യങ്ങളോ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നത് വഴി യൂസര്‍ ഫീ വ്യാപാരസ്ഥാപനങ്ങള്‍ നല്കാതിരുന്നാല് അത് നല്‍കിയതിനു ശേഷം മാത്രം ലൈസന്‍സ് പോലുള്ള സേവനം കൊടുത്താല്‍ മതി എന്നുള്ള തീരുമാനമെടുക്കാന്‍ അതത് പഞ്ചായത്തിനും നഗരസഭയ്ക്കും കേരള പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ അധികാരം നല്‍കുന്നുണ്ട്.



പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്കു കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദിനംപ്രതി ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓടയിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്.


