

ദില്ലി: രാഷ്ട്രപതിഭവനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ തീരുമാനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി. രാഷ്ട്രപതിയെ നേരിട്ട് ബന്ധപ്പെടുത്താതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവിയാണ് രാഷ്ട്രപതിയുടേത്. അതുകൊണ്ടുതന്നെയാണ് പരോക്ഷമായിട്ടാണെങ്കിലും രാഷ്ട്രപതിക്കെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടിയായി മാറുന്നത്.


നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്. അതില്‍ നാലെണ്ണത്തില്‍ തീരുമാനമായിട്ടില്ല. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലും ഇതില്‍പെടുന്നുണ്ട്. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കുള്ള സ്വാധീനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച നടപടികളും ഇതില്‍ പ്രധാനമാണ്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.




