Breaking News

വൈദ്യുതി ലൈനിൽ തട്ടി മയിൽ ചത്തു

വർക്കല: അയിരൂർ ചാരുംകുഴി പ്രദേശത്ത് ഒരു മയിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് ഇന്ന് രാവിലെ മയിലിന്റെ ജഡം കണ്ടത്. തുടർന്ന് വിവരം അയിരൂർ പോലീസിനെ അറിയിച്ചു.

വിവരമറിഞ്ഞ് അയിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് ഫോറസ്റ്റ് റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

പ്രാഥമിക പരിശോധനയിൽ വൈദ്യുതി ലൈനിൽ തട്ടിയാണ് മയിലിന് ഷോക്കേറ്റതെന്നാണ് നിഗമനം. സംഭവത്തിൽ മറ്റ് അസ്വാഭാവിക സാഹചര്യങ്ങളുണ്ടോയെന്ന് വനംവകുപ്പ് അധികൃതർ പരിശോധിച്ചു.

നിയമാനുസൃത നടപടികളുടെ ഭാഗമായി മയിലിന്റെ ജഡത്തിന് മഹസർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വന്യജീവി സംരക്ഷണ ചട്ടങ്ങൾ പാലിച്ച് ജഡം മറവ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ദേശീയ പക്ഷികളിലൊന്നായ മയിലുകൾ പ്രദേശത്ത് പതിവായി കാണപ്പെടാറുണ്ടെന്നും വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വന്യജീവികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്നുമാണ് പ്രദേശവാസികളുടെ അഭിപ്രായം.

Related posts

Leave a Reply

Your email address will not be published. Required fields are marked *