Breaking News

ഇടവയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു

നിമയും കുഞ്ഞും, സംഭവം നടന്ന നൂര്‍ജലാല്‍ റസിഡന്‍സി

വര്‍ക്കല: മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍നിന്ന് കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍വച്ചായിരുന്നു സംഭവം.
മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കവെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനിന്ന നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു. നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടിയെത്തിയപ്പോള്‍ നിമയും കുഞ്ഞും നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ഇവരെ വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.
കുഞ്ഞിന് എക്‌സ്‌റേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും കണ്ടില്ലായെന്നും ബന്ധുക്കള്‍ വേറെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ലാമ വാങ്ങി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഹോസ്പിറ്റലില്‍നിന്ന് ലഭിക്കുന്ന വിവരം. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *