
പാലക്കാട്: പാലക്കാട്ട് പ്രൈവറ്റ് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമെന്ന് അധികൃതര്‍. 60 രോഗികള്‍ ചികിത്സയിലുള്ള പാലന ആശുപത്രിയില്‍ നാല് മണിക്കൂറിലേക്ക് വേണ്ട ഓക്സിജന്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഓക്സിജന്‍ ലഭിക്കാതെ വന്നാല്‍ രോഗികളുടെ നില മോശമാകുമെന്നും ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. കളക്ടറോ ഡിഎംഒയോ ഇടപെട്ട് എത്രയും വേഗത്തില്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഒറ്റപ്പാലത്തെ പി.കെ.ദാസ് ആശുപത്രിയില്‍ ഇന്നലെ രാത്രി തന്നെ ഓക്സിജന്‍ തീര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഓക്സിജന്‍ റീഫില്‍ ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിരുന്നത്. ജില്ലയില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തില്‍ കാണിക്കുന്ന അലംഭാവമാണ് ഓക്സിജന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റില്‍ നിന്നാണ് കേരളത്തിലും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നത്. ജില്ലയിലെ മറ്റു ഓക്സിജന്‍ കേന്ദ്രങ്ങള്‍ കളക്ടറുടെ ഉത്തരവില്ലാതെ ഓക്സിജന്‍ നല്‍കില്ലെന്നാണ് ആശുപത്രി അധികൃതരെ അറിയിക്കുന്നത്.