

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊതുമിനിമം പരിപാടി തയാറാക്കാനൊരുങ്ങി പ്രതിപക്ഷ മഹാസഖ്യം. ഇതിനായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ ചമുതലപ്പെടുത്താനാണ് നീക്കം. വിവിധ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പവാറിനുള്ള പൊതു സ്വീകാര്യതയാണ് പൊതുമിനിമം പരിപാടി തയാറാക്കാനുള്ള ചുമതല പവാറിനെ ഏല്‍പിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് രൂപം നല്‍കിയതിന് സമാനമായ പൊതുമിനിമം പരിപാടിയാവും തയാറാക്കുക. ജനകീയ പദ്ധതികള്‍ ഉള്‍പ്പെടുത്തി പൊതുമിനിമം പരിപാടി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രൂപവത്കരിക്കാനാണ് ആലോചന.

16 പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പ്രതിപക്ഷ ഐക്യ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. ബി.ജെ.പിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യമായിരിക്കും പ്രതിപക്ഷ ഐക്യ യോഗത്തിലെ പ്രധാന ചര്‍ച്ച. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നിതീഷ് കുമാര്‍, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ഡി. രാജ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം യോഗത്തിനെത്തും.
