Breaking News

നീതി ആയോഗ് യോഗത്തില്‍നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: നീതി ആയോഗ് യോഗത്തില്‍നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ എട്ടാമത് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. വികസിത് ഭാരത് @2047 എന്നതായിരുന്നു പ്രഗതി മൈതാനത്തെ പുതിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രമേയം.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാള്‍(ഡല്‍ഹി), മമതാ ബാനര്‍ജി(ബംഗാള്‍), ഭഗവന്ത് മാന്‍(പഞ്ചാബ്), നിതീഷ് കുമാര്‍(ബീഹാര്‍), ചന്ദ്രശേഖര്‍ റാവു(തെലങ്കാന), എം.കെ.സ്റ്റാലിന്‍(തമിഴ്‌നാട്), അശോക് ഗെഹ്ലോത്ത്(രാജസ്ഥാന്‍), നവീന്‍ പട്‌നായിക്(ഒഡീഷ) എന്നിവരും പിണറായിയെ കൂടാതെ വിട്ടുനിന്നു.

വിട്ടുനിന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്‍ പക്ഷേ, പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അശോക് ഗലോട്ട് ആരോഗ്യകാരണത്താല്‍ വിട്ടുനിന്നെന്ന് അറിയിച്ചപ്പോള്‍ ഫണ്ടുകള്‍ അനുവദിക്കാത്തതില്‍ കേന്ദ്രത്തോടുള്ള പ്രതിഷേധം അറിയിക്കാനാണ് വിട്ടുനില്‍ക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശപര്യടനത്തിലായതുകൊണ്ടാണ് സ്റ്റാലിന്‍ പങ്കെടുക്കാത്തത്. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയാണ് ചന്ദ്രശേഖര റാവു പങ്കെടുക്കാത്തതിന് കാരണം.

മുന്‍കൂട്ടി പ്രഖ്യാപിച്ച പരിപാടികള്‍ കാരണമാണ് നിതീഷ് കുമാര്‍ പങ്കെടുത്തത്. മമത കാരണം വ്യക്തമാക്കിയില്ലെങ്കിലും തനിക്ക് പകരം ധനകാര്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പങ്കെടുപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഇത് അനുവദിച്ചില്ല. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് കെജ്‌രിവാള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *