Breaking News

ഓപ്പറേഷൻ തൂഫാൻ: 153 പേർ അറസ്റ്റിൽ; എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 153 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായും ലഹരിവസ്തുക്കൾ കൈവശം വച്ചതായും കണ്ടെത്തിയവർക്കെതിരെ 144 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

പരിശോധനയിൽ പ്രതികളിൽ നിന്ന് 9.367 ഗ്രാം എം.ഡി.എം.എ, 26.435 കിലോഗ്രാം കഞ്ചാവ്, 2.6 ഗ്രാം ഹാഷിഷ് ഓയിൽ, 2.410 ഗ്രാം ഹെറോയിൻ, കൂടാതെ ഒരു കഞ്ചാവ് ചെടി എന്നിവ പിടിച്ചെടുത്തു.
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുന്ന സാഹചര്യത്തിൽ, ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 3224 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 3466 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ നിന്ന് 1692 ഗ്രാം എം.ഡി.എം.എയും 315.391 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

ലഹരി വിൽപ്പനയെയും കടത്തിനെയും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പൊലീസിനെ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. 9497979794, 9497927797 എന്നീ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലോ വിവരങ്ങൾ കൈമാറാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.ലഹരിമരുന്ന് വ്യാപനത്തിനെതിരായ പ്രത്യേക നിരീക്ഷണവും പരിശോധനകളും സംസ്ഥാനത്തുടനീളം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *