Breaking News

പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: പ്രമുഖ പാൽ ഉൽപ്പന്ന കമ്പനികളുടെയും മറ്റ് പ്രശസ്ത ബിസിനസ് ബ്രാൻഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പ് വഴി വ്യാപകമായ സൈബർ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

“വാർഷികാഘോഷ സമ്മാനം”, “സൗജന്യ ഗിഫ്റ്റ്” തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിലൂടെ ആളുകളെ കുടുക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.പൊലീസിന്റെ വിശദീകരണപ്രകാരം, വാട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഔദ്യോഗിക വെബ്സൈറ്റ് പോലെയുള്ള വ്യാജ സൈറ്റുകളിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. തുടർന്ന് ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുകയും “സ്ക്രാച്ച് ആൻഡ് വിൻ” സംവിധാനത്തിലൂടെ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

സമ്മാനം കൈപ്പറ്റുന്നതിനായി സന്ദേശം കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കാനും ബാങ്ക് വിവരങ്ങൾ, ഒടിപി (OTP) ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വാട്സ്ആപ്പ്, എസ്.എം.എസ്. എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സമ്മാനം ലഭിച്ചതായി അവകാശപ്പെടുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ, എ.ടി.എം. പിൻ, ഒടിപി തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതും ഒഴിവാക്കണം.

“സ്ക്രാച്ച് ആൻഡ് വിൻ”, “ഗിഫ്റ്റ് കൂപ്പൺ”, “ആനിവേഴ്സറി ഓഫർ”, “ലക്കി വിന്നർ” തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങളുമായി എത്തുന്ന സന്ദേശങ്ങളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in⁠ എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് കേരള പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *