Breaking News

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഉറച്ച നിലപാട് തെളിയിച്ചു’: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ബിഷ്കെക്ക്: ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ശിക്ഷയിൽ നിന്ന് മുക്തമല്ലെന്ന ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയം ‘ഓപ്പറേഷൻ സിന്ദൂർ’ തെളിയിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ചൊവ്വാഴ്ച (ഏപ്രിൽ 28) നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഭീകരത, വിഘടനവാദം, തീവ്രവാദം എന്നീ “തിന്മകളെ” നേരിടാൻ ഏകീകൃത ആഗോള സഖ്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ലക്ഷ്യമിട്ട് നടക്കുന്ന ഭരണകൂട പിന്തുണയുള്ള അതിർത്തി കടന്ന ഭീകരതയെ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ പ്രോത്സാഹിപ്പിക്കുകയും അഭയം നൽകുകയും സുരക്ഷിത താവളങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ എസ്‌സി‌ഒ മടിക്കരുതെന്ന് രാജ്‌നാഥ് സിംഗ് നിർദേശിച്ചു. ഭീകരതയ്‌ക്കെതിരെ ശക്തവും കൂട്ടായതുമായ നിലപാട് രാഷ്ട്രങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഭീകരതയ്ക്ക് ദേശീയതയില്ല, ദൈവശാസ്ത്രമില്ല. ഈ ഭീഷണിക്കെതിരെ ഉറച്ച ആഗോള ഐക്യം അനിവാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ ടിയാൻജിൻ പ്രഖ്യാപനം ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സന്ധിയില്ലാത്ത നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ പോരാട്ടം പ്രാദേശിക സുരക്ഷയെ സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കുന്ന ശക്തിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ആഗോള അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിൽ എസ്‌സി‌ഒയ്ക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പ്രാദേശികവും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സംവാദവും നയതന്ത്രവും മുൻനിറുത്തി അക്രമവും സംഘർഷവും ഒഴിവാക്കി സഹവർത്തിത്വത്തിനും സഹതാപത്തിനും പ്രാധാന്യം നൽകുന്ന ആഗോള സമീപനം ആവശ്യമാണെന്നും അദ്ദേഹം നിർദേശിച്ചു.വസുധൈവ കുടുംബകം എന്ന ഭാരതീയ ദർശനം ഉയർത്തിപ്പിടിച്ച് അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, വിശ്വാസം എന്നിവ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി‌ഒയുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മക പങ്കാളിത്തം തുടരുമെന്ന് ഇന്ത്യ ആവർത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ 25-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ, മേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളും ഭീകരതയുടെ വ്യാപക പ്രത്യാഘാതങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *