Breaking News

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന ഗോള്‍ഡന്‍ ജൂബിലി; കാഴ്ച പരിമിതന് വീടുവച്ച് നല്‍കും

ഉമ്മന്‍ചാണ്ടി

തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷികം കാഴ്ച പരിമിതനായ യുവാവിന് വീടുവച്ച് നല്‍കി ആഘോഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീടുവച്ച് നല്‍കുന്നത്. വീടിന്റെ കട്ടളവയ്പ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
വലപ്പാട് സ്വദേശിയായ സന്തോഷിന് പ്രമേഹത്തെ തുടര്‍ന്നു ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അമ്മയും, ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന സന്തോഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് ഒരു ചെറുകുടിലിലായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞത്. തുടര്‍ന്ന്, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്‍പതാം നിയമസഭാ പ്രവേശന ആഘോഷത്തിന്റെ ഭാഗമായി സന്തോഷിന് സന്തോഷ് ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി വീടിന് തറകെട്ടി. തുടര്‍ന്ന്, കഴിഞ്ഞ ദിവസം തൃശൂരില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന്‍ വീടിന്റെ കട്ടള വയ്ക്കല്‍ ചടങ്ങും നിര്‍വഹിച്ചു.

സന്തോഷ് എന്ന യുവാവിന് വച്ചുനല്‍കുന്ന വീടിന്റെ കട്ടള വയ്ക്കല്‍ ചടങ്ങ് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചപ്പോള്‍

സംസ്ഥാനത്ത് ഇതുവരെ 15 വീടുകളാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ചു നല്‍കിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയല്ല യൂത്ത് കോണ്‍ഗ്രസ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ എല്ലാം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ എത്തുമെന്ന് ഉറപ്പാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സുമേഷ്, പ്രദേശത്തെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ദുരിതം അനുഭവിക്കുന്ന കുടുംബത്തിനൊപ്പം എന്നും യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്ന നേതാക്കള്‍ പ്രഖ്യാപിച്ചു. സന്തോഷിന്റെ കുടുംബത്തെ ഇനിയുള്ള കാലം യൂത്ത് കോണ്‍ഗ്രസ് സംരക്ഷിക്കും. സന്തോഷിന്റെ മകള്‍ക്കു പഠന ആവശ്യത്തിനുള്ള ചിലവ് പൂര്‍ണമായും യൂത്ത് കോണ്‍ഗ്രസ് വഹിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *