

തിരുവനന്തപുരം: ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും മാത്രമെന്ന തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതോടെ ഓണക്കിറ്റ് ഇത്തവണ എല്ലാവര്ക്കും ഇല്ലെന്ന് ഉറപ്പായി. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകളാണുള്ളത്. ഇവരെ കൂടാതെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നില്‍. ഓണക്കിറ്റ് വിതരണത്തിനായി 32 കോടി രൂപ സപ്ലെയ്കോക്ക് മുന്‍കൂറായി നല്‍കും.

പൊടിയുപ്പ്, തേയില, വെളിച്ചെണ്ണ, പായസക്കൂട്ട് തുടങ്ങി 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. 93 ലക്ഷം കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ തവണ ഇത്രയും പേര്‍ക്ക് കിറ്റ് നല്‍കിയതെന്നും അത്തരമൊരു സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുക.

അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
