Breaking News

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് നിര്‍മ്മല സീതാരാമന്‍, പരിഹസിച്ച് രാഹുല്‍ ഗാന്ധി, കേരളാ വിരുദ്ധമെന്ന് ബാലഗോപാല്‍

ഡല്‍ഹി: മൂന്നാം ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്റെ ഏഴാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിനെ മൂന്നാം തവണയും തെരഞ്ഞെടുത്തതില്‍ നന്ദി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തമാണെന്ന് അവകാശപ്പെട്ട ധനമന്ത്രി സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്നതാണ് ബജറ്റെന്ന് പറഞ്ഞു. ബജറ്റില്‍ ബീഹാര്‍, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ബീഹാറില്‍ പുതിയ വിമാനത്താവള നിര്‍മ്മാണത്തിനും ഹൈവേ വികസനത്തിനും മെഡിക്കല്‍ കോളേജിനും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. ഹൈവേ വികസനത്തിന് 26,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപ വകയിരുത്തി. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും പോലവാരം ജലസേചന പദ്ധതിക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാ ലോണുകളുടെ പരിധി പത്ത് ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. ഇത് സംരംഭക മേഖലയെ ഉത്തേജിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വനിതാ ശാക്തീകരണത്തിന് 3 ലക്ഷം കോടിയും 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനപ്പെടുന്ന ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികളും പ്രഖ്യാപിച്ചു.

അതേസമയം, ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കസേര സംരക്ഷണ ബജറ്റാണിതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചതാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയാണെന്നും സാധാരണ ജനങ്ങളെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണിതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിന് യാതൊരുവിധ പരിഗണനയും ലഭിക്കാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു രൂപ പോലും മാറ്റിവച്ചില്ലെന്നും എയിംസ് പ്രഖ്യാപനം ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *