

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ വൈറസിന്റെ സാന്നിധ്യമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിപ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. നാല് മണിയോടെ നിപ വൈറസ് പരിശോധനയുടെ ഫലം ലഭിച്ചേക്കും. എന്നാല്‍ ഫലം വരാന്‍ കാത്തുനില്‍ക്കാതെ തന്നെ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ഉന്നതതലയോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.



കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


