Breaking News

പുതിയ അധ്യക്ഷന്‍ ജൂണിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

സോണിയ ഗാന്ധി, കെ.സി.വേണുഗോപാല്‍, രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ ജൂണില്‍ തെരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തെരഞ്ഞെടുപ്പിലൂടെയാകും കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കുറെ മാസങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ ഇല്ലാതിരുന്നത് പലതരം അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും സംഘടന തിരഞ്ഞെടുപ്പ് നടത്തുക.
ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിലപാട് വ്യക്തമാക്കിയത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം മേയ് മാസത്തിലായിരിക്കും സംഘടനാ തിരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തക സമിതിയില്‍ പൊതുവികാരമുണ്ടായത്. എന്നാല്‍ ഇരുവരും അതിനോട് യോജിച്ചിട്ടില്ല. ഏതെങ്കിലും ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് തിരുത്തല്‍വാദികള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. അതിന് ശേഷം ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കുകയാണുണ്ടായത്. ഇതിനിടെ, കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിലൂടെ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് 23 തിരുത്തല്‍വാദി നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു തിരുത്തല്‍വാദികളുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *