Breaking News

വര്‍ക്കല നഗരിയെ ആവേശത്തിലാഴ്ത്തി രാജ്‌നാഥ് സിംഗിന്റെ റോഡ് ഷോ

റോഡ് ഷോ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ രാജ്‌നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വര്‍ക്കല നഗരിയെ ഇളക്കിമറിച്ച് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ റോഡ് ഷോ. രാജ്‌നാഥ് സിംഗിനൊപ്പം തുറന്ന വാഹനത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി.എസ്.ആര്‍.എമ്മും ഉണ്ടായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. പൂക്കാവടി, തെയ്യം, ചെണ്ടമേളം, പഞ്ചാരിമേളം, മയില്‍ക്കാവടി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ റോഡ് ഷോ. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നിരവധി ബി.ജെ.പി-ബി.ഡി.ജെ.എസ് വനിതാ പ്രവര്‍ത്തകര്‍ മുത്തുക്കുട ചൂടി റോഡ് ഷോയ്ക്ക് അകമ്പടി സേവിച്ചു.

ഷോഡ് ഷോയില്‍ അണിനിരന്ന കലാരൂപം

വര്‍ക്കല താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പോലീസ് ബാരിക്കേഡുകള്‍ക്ക് ഇരുവശവുംനിന്ന് ആയിരക്കണക്കിന് ബി.ജെ.പി-ബി.ഡി.ജെ.എസ് പ്രവര്‍ത്തകരും നാട്ടുകാരും രാജ്‌നാഥ് സിംഗിന് അഭിവാദ്യമര്‍പ്പിച്ചു. 11 മണിയോടെ റോഡ് ഷോ വര്‍ക്കല മൈതാനം പിന്നിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെവച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഹിന്ദിയിലാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്.

ഷോഡ് ഷോയില്‍ അണിനിരന്ന കലാരൂപം

എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനം ഉയര്‍ത്തി. ജന്‍ധന്‍ അക്കൗണ്ട്, ആയുഷ്മാന്‍ ഭാരത്, കിസാന്‍ സമ്മാന്‍ പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ നാളിതുവരെ കേരളത്തില്‍ അഴിമതി ഭരണമാണ് നടത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതി വഴി പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000രൂപ ബാങ്ക് അക്കൗണ്ടിലൂടെ എത്തിക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണെന്നും അവര്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്(എന്‍.ഡി.എ) അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവഗിരിയില്‍ എത്തിയ കേന്ദ്രമന്ത്രി ഗുരുദേവ സമാധിയില്‍ വണങ്ങുന്നു

റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം ശിവഗിരിയില്‍ സന്ദര്‍ശനം നടത്തി. ശിവഗിരിയിലെത്തിയ രാജ്‌നാഥ് സിംഗിനെ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള സ്വാമിമാരുടെ സംഘം സ്വീകരിച്ചു. മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ അദ്ദേഹത്തെ ഷാളണിയിച്ചു വരവേറ്റു. ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ രാജ്‌നാഥ് സിംഗിന് ഗുരുദേവന്റെ ജീവചരിത്രം സമ്മാനിച്ചു. ഗുരുദേവ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഠം ഗസ്റ്റ് ഹൗസിലെത്തി ചായസല്‍ക്കാരത്തില്‍ പങ്കെടുത്താണ് അദ്ദേഹം തിരിച്ചുപോയത്.

രാജ്‌നാഥ് സിംഗ് ശിവഗിരി മഠത്തിലെ സ്വാമിമാര്‍ക്കൊപ്പം

വര്‍ക്കലയിലെ സന്ദര്‍ശനം കഴിഞ്ഞശേഷം 11.50-ഓടെ രാജ്‌നാഥ് സിംഗ് അടുത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിലേക്ക് യാത്ര തിരിച്ചു. രാവിലെ 10.5നാണ് രാജ്‌നാഥ് സിംഗ് വര്‍ക്കല പാപനാശം ഹെലിപാഡില്‍ എത്തിയത്. വന്‍ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ക്കലയില്‍ ഒരുക്കിയത്. 1 എസ്.പി, 8 ഡി.വൈ.എസ്.പിമാര്‍, 16 എസ്.എച്ച്.ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാനൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് രാജ്‌നാഥ് സിംഗിന് സുരക്ഷയൊരുക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *