Breaking News

ബി.ജെ.പി നേതാവിന്റെ കൊലപാതകം: സി.പി.എം നേതാവ് അറസ്റ്റില്‍

അറസ്റ്റിലായ അരവിന്ദാക്ഷന്‍

പുനലൂര്‍: ബിജെപി പുനലൂര്‍ ഈസ്റ്റ് ഏരിയ വൈസ് പ്രസിഡന്റും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ആയിരുന്ന എസ്.സുമേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. പുനലൂര്‍ നഗരസഭാ കക്കോട് വാര്‍ഡ് കൗണ്‍സിലര്‍ അരവിന്ദാക്ഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍. അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്ന് സുമേഷ് മരണമൊഴി നല്‍കിയിട്ടുണ്ട്. ഈ കേസിലെ മറ്റ് പ്രതികളായ സജികുമാര്‍, സജിന്‍ എന്നിവരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. മെയ് 27 നും 28 നും കക്കോട്ട് ഉണ്ടായ അനിഷ്ട സംഭവത്തെ തുടര്‍ന്നാണ് സുമേഷ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകര്‍ വീടു കയറി നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സുമേഷ് പിന്നീട് ആശുപത്രിയില്‍വച്ച് മരണപ്പെടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒന്നാം പ്രതി അരവിന്ദാക്ഷന്‍, മറ്റ് പ്രതികളായ സജികുമാര്‍, സജിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന അരവിന്ദാക്ഷനെ പുനലൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ അരവിന്ദാക്ഷനെ റിമാന്‍ഡ് ചെയ്തു. പ്രതി ആശുപത്രിയിലായതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന നടപടി ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കക്കോട് പബ്ലിക് ലൈബ്രറി വാര്‍ഷികം നടക്കുന്ന സമയത്ത് അരവിന്ദാക്ഷന്‍ അവിടെയുണ്ടായിരുന്ന ബിജു എന്ന ആളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ബിജു അരവിന്ദാക്ഷനെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ബി.ജെ.പി നേതാവായ സുമേഷിനു വീട്ടില്‍ വച്ച് വെട്ടും കുത്തുമേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3ന് വൈകിട്ടാണ് സുമേഷ് മരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *