

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊന്നു. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാര്‍ട്ടമെന്റില്‍ താമസിച്ചിരുന്ന പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണി സ്വദേശിയായ അനില്‍കുമാറിനെ പോലീസ് വര്‍ക്കലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രീതയുടെ രണ്ടാമത്തെ മകള്‍ ബിന്ദ്യയുടെ ഭര്‍ത്താവാണ് പ്രതി അനില്‍കുമാര്‍. അനില്‍കുമാറുമായി പിണങ്ങി താമസിക്കുന്ന ബിന്ദ്യ കോടതിയില്‍ കൊടുത്ത വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് കൊലപാതകം സംഭവിച്ചത്.


അനില്‍കുമാറുമായി പിണങ്ങി ബിന്ദ്യ സഹോദരിയുടെ ഫ്‌ളാറ്റിനടുത്ത് മറ്റൊരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. വിവാഹമോചന കേസില്‍ കോടതി പ്രതിയുടെ വസ്തു ജപ്തിയാക്കാന്‍ വിധിച്ചിരുന്നു. ഇതിന്റെ നോട്ടീസ് പ്രതിയുടെ വീട്ടില്‍ പതിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം പ്രമാണിച്ച് ബിന്ദ്യയും സഹോദരിയും അച്ഛനമ്മമാരോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ പ്രീതയുടെ വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ചുറ്റികകൊണ്ട് പ്രീതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.


ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പ്രീതയുടെ ഭര്‍ത്താവ് ബാബുവിനെയും പ്രതി ആക്രമിച്ചു. ബാബുവിന് നേരെ പ്രതി കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവ് ശേഖരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

