
വൈക്കം: വൈക്കം ഗ്രൂപ്പ് ക്ഷേത്രത്തില്‍ പണം തട്ടിപ്പ് നടക്കുന്നുവെന്നും ഇതേക്കുറിച്ചുള്ള ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ ശ്രമമെന്നും ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വൈക്കം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കൃഷ്ണന്‍ കോവിലിലെ ശാന്തി ഉണ്ണി പൊന്നപ്പന്‍ ഭക്തജനങ്ങളില്‍നിന്നും കാശ് അടിച്ചു മാറ്റുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രസീത് എഴുതി വഴിപാട് നടത്തുന്ന രീതി പിന്തുടരുന്ന ക്ഷേത്രത്തില്‍ രസീത് എഴുതാതെ ഭക്തജനങ്ങളില്‍നിന്ന് പണം വാങ്ങിയാണ് ശാന്തിക്കാരന്‍ പണം തട്ടുന്നത്.
ഇതേക്കുറിച്ച് ഭക്തജനങ്ങളില്‍നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 4 നാണ് ദേവസ്വം വിജിലന്‍സ് സംഘം കൃഷ്ണന്‍ കോവിലില്‍ പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് നാല് ഭക്തജനങ്ങളും മൂന്ന് ക്ഷേത്രം ജീവനക്കാരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ എട്ടുപേര്‍ ശാന്തിക്കാരനെതിരെ വിജിലന്‍സ് എസ്.ഐ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്.ഐ വിജിലന്‍സ് എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് തനിക്ക് അയച്ചിട്ടുണ്ടെന്ന് അറിയാമെങ്കിലും അത് തന്റെ ടേബിളില്‍ എത്തിയിട്ടില്ല എന്നാണ് ദേവസ്വം വിജിലന്‍സ് എസ്.പി നല്‍കുന്ന വിശദീകരണം. ഇവിടെയാണ് റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കാന്‍ ശ്രമമെന്ന ആരോപണം ഉയരുന്നത്. ഇതിന് മുമ്പ് ഇതേ ശാന്തിക്കാരന്‍ മറ്റൊരു ജീവനക്കാരനെതിരെ വ്യാജ പരാതി ഉന്നയിച്ചു എന്നതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്. തന്നെ കൃഷ്ണന്‍ കോവില്‍ കലാപീഠത്തിലെ ഒരു ജീവനക്കാരന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു ശാന്തിക്കാരന്റെ പരാതി.

എന്നാല്‍, ഉണ്ണി പൊന്നപ്പന്‍ നല്‍കിയ പരാതി വ്യാജമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. വൈക്കം ഗ്രൂപ്പില്‍നിന്ന് ഏറ്റുമാനൂരിലേക്ക് സ്ഥലംമാറ്റ നടപടിയാണ് അന്ന് ഇയാള്‍ നേരിട്ടത്. എന്നാല്‍, 2022 ജൂണ്‍ 18 ന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്ത് 2022 ജൂണ്‍ 23ന് ഉത്തരവ് ഉത്തരവിറക്കുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനും ബലം നല്‍കുന്നത്.

മുപ്പത്തിയയ്യാരിരം രൂപയോളം ശമ്പളവും കൂടാതെ ദക്ഷിണയിനത്തില്‍ ലഭിക്കുന്ന വരുമാനവും കൈപ്പറ്റുന്ന ശാന്തിയാണ് രസീത് കൊടുക്കാതെ ഭക്തജനങ്ങളില്‍നിന്ന് നേരിട്ട് പണം സ്വീകരിച്ച് വഴിപാട് നടത്തിക്കൊടുക്കുന്നു എന്ന ആരോപണവും നേരിടുന്നത്. ചുരുക്കത്തില്‍ കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നപോലെ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം ശാന്തിക്കാരന്‍ സ്വന്തം പോക്കറ്റിലാക്കുന്നു എന്ന് സാരം. ശാന്തിക്കാരന്‍ ഭരണകക്ഷി അനുകൂല സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവും വൈക്കം ഗ്രൂപ്പ് സെക്രട്ടറിയും കൂടിയാകുമ്പോള്‍ ആര് ചോദിക്കാന്‍? ആരോട് പറയാന്‍? അതുകൊണ്ടാണല്ലോ ഇയാള്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് പോലും പുറംലോകം കാണാതെ ഫയലിനകത്ത് വിശ്രമിക്കുന്നത് എന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ പരാതി.

മാസം രണ്ടര ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലാണ് ശാന്തിക്കാരന്‍ പണം വെട്ടിപ്പ് നടത്തുന്നു എന്ന ആരോപണം നേരിടുന്നത്. രസീത് എടുത്ത് വഴിപാട് നടത്താന്‍ ഏല്‍പിക്കുന്ന ഭക്തജനങ്ങളോട് ശത്രുതാപരമായ സമീപനവും തന്റെ കയ്യില്‍ നേരിട്ട് പണം നല്‍കി വഴിപാട് നടത്തുന്നവരോട് സൗഹൃദപരമായ സമീപനവുമാണ് ശാന്തി സ്വീകരിക്കുന്നതെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്.
