

കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ.കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി. എം.കെ.കണ്ണനെ ചോദ്യം ചെയ്യുന്നത്. രണ്ടാം തവണയാണ് എം.കെ.കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന അസാധാരണവും ദുരൂഹവുമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. എം.കെ.കണ്ണനാണ് തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ്.

തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ സി മൊയ്തീന്റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്പോള്‍ ആരൊക്കെയാണ് ആ ഉന്നതര്‍ എന്ന ചോദ്യവും ശക്തമാകുകയാണ്. സി.പി.എം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂര്‍ വിഷയവുമായി ബന്ധമില്ലെന്നാണ് എം.കെ.കണ്ണന് പ്രതികരിച്ചത്.


