

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് മിഷന് റെഡിനസ് റിവ്യൂ കമ്മിറ്റി അംഗീകാരം നല്കി. അവസാനഘട്ട അനുമതി നല്‍കാനായി ഇസ്രോ(ISRO)യുടെ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം ഉച്ചയ്ക്കുചേരും. ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണത്തിനുള്ള 24 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഉച്ചയ്ക്ക് 2.35 ന് തുടങ്ങും ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതികള്‍ ലോകമൊട്ടാകെ ഉറ്റുനോക്കുന്നതാണ്. ബഹിരാകാശ ഗവേഷണങ്ങള്‍ക്കുള്ള ചെലവ് വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് വേണ്ടി വെറും 615 കോടി രൂപയാണ് രാജ്യം ചെലവാക്കുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് പോലും ഇതിന്റെ പല മടങ്ങ് വിനിയോഗിക്കേണ്ടി വരുമ്പോഴാണ് ഇന്ത്യ വളരെ കുറഞ്ഞ ചിലവില്‍ ചന്ദ്രയാന്‍ 1 ഉം 2 ഉം വിക്ഷേപിച്ചത്.

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ 1 നുവേണ്ടി 386 കോടിയായിരുന്നു ചെലവ്. ചന്ദ്രയാന്‍ 2 ന് 978 കോടി രൂപ ചെലവായപ്പോള്‍ വിക്ഷേപത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ചന്ദ്രയാന്‍ 3 ന്റെ ചെലവ് 615 കോടി രൂപയാണ്. അവതാര്‍ ദ വേ ഓഫ് വാട്ടര്‍ എന്ന ഹോളിവുഡ് സിനിമയ്ക്ക് ചെലവായതോ? 25 കോടി അമേരിക്കന്‍ ഡോളര്‍! ഇതില്‍നിന്നുതന്നെ കുറഞ്ഞ ചെലവില്‍ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനുള്ള ഇന്ത്യയുടെ കഴിവ് മനസിലാക്കാം. മറ്റ് ലോകരാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ഇസ്രോ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത് കുറഞ്ഞ മുടക്കുമുതലില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ നടത്താനുള്ള മികവാണ്.

ബഹിരാകാശ ഗവേഷണത്തിനാവശ്യമായ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതും ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ വ്യവസായ ഗവേഷണ സ്ഥാപനങ്ങളുടെ നീണ്ടനിരയുള്ളതുമാണ് കുറഞ്ഞ ചെലവില്‍ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ സാധ്യമാക്കാന്‍ ഇസ്റോയെ സഹായിക്കുന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കാനോ, ഉപഗ്രഹ വിക്ഷേപണ സൗകര്യങ്ങള്‍ ഒരുക്കനോ കഴിയാത്ത രാജ്യങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ സര്‍വീസ് ഒരുക്കാനാണ് ഇസ്റോയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. അതുവഴി വന്‍തോതില്‍ വിദേശ നാണ്യവും ലക്ഷ്യമിടുന്നത്. അടുത്ത ദിവസം കുതിച്ചുയരുന്ന ചന്ദ്രയാന്‍ 3 ന്റെ വിജയം ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ ഖ്യാതി വര്‍ധിപ്പിക്കുമെന്നത് കൂടാതെ ഇസ്രോയുടെ വിശ്വാസ്യതയും കൂട്ടുമെന്ന കാര്യം ഉറപ്പാണ്.
