

വര്‍ക്കല: വര്‍ക്കല വടശ്ശേരിക്കോണത്ത് കൊലപാതകം നടന്ന വീട്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മന്ത്രി കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ എത്തിയത്. രാജുവിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം വളരെ കാര്യക്ഷമമായി നടക്കുമെന്നും കുറ്റക്കാരയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് രാജുവിന്റെ കുടുംബത്തിന് ഉറപ്പു നല്‍കി.

വിവാഹത്തിന്റെ സന്തോഷം അലയടിച്ചിരുന്ന വീട്ടില്‍ നടന്നത് വേദനാജനകമായതും നടക്കാന്‍ പാടില്ലാത്തതുമായ സംഭവമാണെന്ന് പറഞ്ഞ മന്ത്രി പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇത്തരം ക്രിമിനല്‍ മനോഭാവമുള്ളവര്‍ക്ക് ഒരു താക്കീതുകൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, കേസില്‍ പ്രതികളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനും മറ്റുമായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. പ്രതികള്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ സബ് ജയിലിലാണ്.
