Breaking News

എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം രണ്ട് മാസത്തിനകം: കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം രണ്ട് മാസത്തിനകം പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രണ്ട് മാസത്തിനകം നൂറുശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് മന്ത്രി അറിയിച്ചത്. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാഹനമേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയിട്ടുള്ളത്.

എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കുന്നതിലൂടെ രാജ്യത്തെ വാഹനമേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കപ്പെടും. ചെലവ് കുറഞ്ഞും മലിനീകരണ മുക്തവുമായി ഗതാഗത സംവിധാനമാണ് എഥനോളിലൂടെ സാധ്യമാകുന്നത്. കരിമ്പില്‍ നിന്നുപോലും എഥനോള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത് കൊണ്ടുതന്നെ എഥനോളിന്റെ നിര്‍മാതാക്കള്‍ രാജ്യത്തെ കര്‍ഷകരായിരിക്കും-ഗഡ്കരി വ്യക്തമാക്കി.

ഇപ്പോള്‍ 60 ശതമാനം പെട്രോളും 40 ശതമാനം ഇലക്ട്രിക്കുമായി ഓടുന്ന വാഹനങ്ങള്‍ രാജ്യത്തുണ്ട്. ഇത് മാതൃകയാക്കി 60 ശതമാനം എഥനോളും 40 ശതമാനം ഇലക്ട്രിക്കുമായും ടൊയോട്ട വാഹനമെത്തിക്കുമെന്നും ഗഡ്കരി പറഞ്ഞു. രണ്ട് ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുമ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. എഥനോളും പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ളെക്സ് ഫ്യുവല്‍ വാഹനം നിര്‍മിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാധാരണ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളെക്കാള്‍ എമിഷനുകള്‍ കുറവാണെന്നതാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിനുകളുടെ പ്രത്യേകത.

Related posts

Leave a Reply

Your email address will not be published. Required fields are marked *