Breaking News

തോണിപ്പാറ എഫ്.എച്ച്.സി.യിലെ മരുന്ന് ക്ഷാമം: ഭരണസമിതി വ്യാജപ്രചാരണം നടത്തുകയാണെന്ന് യു.ഡി.എഫ്

ഇലകമൺ: തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ (എഫ്.എച്ച്.സി.) നിലനിൽക്കുന്ന മരുന്ന് ക്ഷാമത്തിന് തദ്ദേശസ്ഥാപനത്തിന്റെ വീഴ്ചയാണ് കാരണമെന്നും, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭരണസമിതി വ്യാജപ്രചാരണം നടത്തുകയാണെന്നും യു.ഡി.എഫ് ഇലകമൺ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വിനോജ് വിശാൽ ആരോപിച്ചു.

‘സർക്കാർ ഫണ്ട് ലഭിക്കാത്തതിനാലാണ് മരുന്ന് വാങ്ങാൻ കഴിയാത്തത്’ എന്ന ഭരണസമിതിയുടെ വിശദീകരണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്കും മരുന്ന് വാങ്ങുന്നതിനുമായി ആവശ്യമായ ഫണ്ട് വകയിരുത്തുകയും വിനിയോഗിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും, ഇതിനായി തനത് ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിക്കാൻ പഞ്ചായത്തിന് നിയമപരമായ അധികാരമുണ്ടെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.

മരുന്ന് വാങ്ങാൻ ലോക്കൽ ബോഡി ഫണ്ട് വിനിയോഗിക്കാതെ സർക്കാർ ഫണ്ടിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കു കയാണെന്ന് ആരോപിച്ച യു.ഡി.എഫ്, അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിലെ മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിനോജ് വിശാൽ മുന്നറിയിപ്പ് നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *