Breaking News

ബ്രിക്സ് വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് ഇന്ന് മുതൽ കൊച്ചിയിൽ തുടക്കം

കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ് (BRICS) രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് ഇന്ന് (ജൂലൈ 6) മുതൽ ജൂലൈ 9 വരെ കൊച്ചി വേദിയാകും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി പാലസിലും ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലുമായി സമ്മേളനം നടക്കും.

ജൂലൈ 6, 7 തീയതികളിൽ വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗവും ജൂലൈ 8, 9 തീയതികളിൽ മന്ത്രിതല യോഗവും നടക്കും. “ശാക്തീകരണം, നവീകരണം, സഹകരണം, സുസ്ഥിരത” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.
ആതിഥേയരാജ്യമായ ഇന്ത്യയ്ക്കൊപ്പം ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുക്കും.

ജൂലൈ 8-ന് ആരംഭിക്കുന്ന മന്ത്രിതല യോഗത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി അന്നപൂർണാ ദേവി പങ്കെടുക്കും. തുടർന്ന് വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ സംയുക്ത പ്രഖ്യാപനത്തിന്റെ കരട് ചർച്ച ചെയ്യും. ജൂലൈ 9-ന് സമ്മേളന സമാപനത്തോടെ സംയുക്ത വനിതാ മന്ത്രിതല പ്രമേയത്തിന്റെ കരട് അവതരിപ്പിക്കും.

സ്ത്രീശാക്തീകരണം, ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ, പ്രാദേശിക വനിതാ നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ 8-ന് പ്രത്യേക പാനൽ ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള വനിതാ ശിശുവികസന വകുപ്പ് മന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും ചർച്ചകളിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 8, 9 തീയതികളിൽ ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ കോമ്പൗണ്ടിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. നൈപുണ്യ വികസനം, സംരംഭകത്വം, സാമ്പത്തിക പങ്കാളിത്തം, നേതൃപാടവം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച വനിതാ മുന്നേറ്റങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിക്കുക.

ബ്രിക്സ് പ്രോട്ടോക്കോൾ പ്രകാരം മന്ത്രിതല സെഷനുകളിലെ ചർച്ചകൾ രഹസ്യമായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *