Breaking News

മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപത്തുവച്ച് മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി പോലീസ് കണ്ടെത്തി. ലോറി ഡ്രൈവറായ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈഞ്ചയ്ക്കലില്‍നിന്നാണ് ടിപ്പര്‍ പിടികൂടിയത്. ഇന്നലെ 3.30നാണ് പ്രദീപിന്റെ മരണത്തിന് കാരണമായ വാഹനാപകടം നടന്നത്.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന പ്രദീപിനെ അതേദിശയില്‍നിന്നുവന്ന ടിപ്പര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ പ്രദീപിന്റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. പ്രദീപിന് ഭീഷണിയുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ അമ്മയും വെളിപ്പെടുത്തിയതോടെ തിരുവനന്തപുരം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രദീപിന് സംഭവിച്ച അപകടം വ്യക്തമായ ആസൂത്രണത്തോടെയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മകന് ഭീഷണി ഉണ്ടായിരുന്നതായും അവന്റെ തുറന്ന നിലപാടുകളാണ് അപകടമരണത്തിലെത്തിച്ചതെന്നും പ്രദീപിന്റെ അമ്മ പ്രതികരിച്ചു. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരിയും വെളിപ്പെടുത്തി.
അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലാതിരുന്നതാണ് അന്വേഷണ സംഘത്തെ വലച്ചത്. സമീപത്തെ മറ്റു സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍ ലോറി തിരിച്ചറിയാനായത്. തുടര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *