
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണൽ ദിനത്തിലും തുടരണമെന്നു കളക്ടർ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. വിജയികളായവരെ അനുമോദിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണം. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുതെന്നും കളക്ടർ പറഞ്ഞു.
വോട്ടെണ്ണലിനെത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ. ഇവർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ കൈയുറ, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. കൗണ്ടിങ് ഓഫിസർമാരും കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നു കളക്ടർ പറഞ്ഞു.
വോട്ടെണ്ണൽ നടക്കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്കവിധമാണ് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകൾ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ കളക്ടർ പരിശോധിച്ച് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്.
വോട്ടെണ്ണലിനു കർശന സുരക്ഷ, പ്രത്യേക നിരീക്ഷണം
ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. ജില്ലയിലെമ്പാടും പൊലീസിന്റെ പ്രത്യേക പട്രോളിങ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം നഗര പരിധിയിൽ രണ്ടു വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കോർപ്പറേഷന്റെ വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ. സ്‌കൂളിലും പോത്തൻകോട് ബ്ലോക്കിന്റെ വോട്ടെണ്ണുന്ന കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളുമാണ് നഗര പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിലേക്ക് 700 പൊലീസ് ഉദ്യോഗസ്ഥരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളായാണു സുരക്ഷാ വിന്യാസം നടത്തിയിട്ടുള്ളത്. ഇതിനു പുറമേ പ്രശ്ന സാധ്യതാ മേഖലകളിൽ പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
നഗര പരിധിക്കു പുറത്തുള്ള 14 കൗണ്ടിങ് കേന്ദ്രങ്ങളും പൊലീസിന്റെ കർശന സുരക്ഷയിലായിരിക്കും. ഓരോ കേന്ദ്രത്തിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പ്രത്യേക ചുമതല നൽകിയാണു സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഓരോ പാർട്ടികൾക്കും പ്രത്യേക സമയം നൽകും. മദ്യപിച്ചു വാഹനമോടിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാസ് നിർബന്ധം
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള പാസ് നിർബന്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ വ്യക്തമാക്കി.
വോട്ടെണ്ണൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള പാസ് മുഖേന മാത്രമാകും കൗണ്ടിങ് കേന്ദ്രങ്ങളിലേക്കു പ്രവേശനം. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളുടേയും പ്രധാന കവാടത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പാസുകൾ കർശനമായി പരിശോധിച്ച ശേഷമാകും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആളുകളെ കടത്തിവിടുക. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് മാധ്യമപ്രവർത്തകരടക്കമുളള എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം