

നെടുമങ്ങാട്: മെഡിക്കല്‍ ഫാര്‍മസിയുടെ മറവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ കച്ചവടം നടത്തിയ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് തെക്കുംകര മുളവന്‍കോട് വാടയില്‍ നാസറിന്റെ മകന്‍ ഷാനാസി(34)നെയാണ് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്. നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന് സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും എക്‌സൈസ് കണ്ടത്തി. ചെറിയ അളവില്‍ എം.ഡി.എം.എ യുമായി ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാര്‍ത്ഥികള്‍ക്ക് എം.ഡി.എം.എ കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്.


തുടര്‍ന്ന് എക്സൈസ് സംഘം ഫാര്‍മസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. വാടയില്‍ നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്. എം.ഡി.എം.എ വില്‍പ്പനകേസുമായി ബന്ധപ്പെട്ട് ഷാനാസ് മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍വഴി മാരക ലഹരികള്‍ വില്‍പ്പന നടത്തുന്നത് എറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സെസ് സി.ഐ.സുനില്‍കുമാര്‍ പറഞ്ഞു. ഈ കേസിന്റെ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.



രാത്രിയും ആവശ്യക്കാര്‍ക്ക് വേണ്ടി ഫാര്‍മസി തുറന്ന് സാധങ്ങള്‍ കൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാര്‍മസി അടപ്പിച്ചു. എക്സൈസ് സി.ഐ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി.ആര്‍.രഞ്ചിത്ത്, പ്രിവന്റീവ് ഓഫീസര്‍ ബിജു.എസ്, ഗ്രേഡ് എസ്.ഐമാരായ സജി, നജിമുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷ്, വനിതാ സിവില്‍ ഓഫീസര്‍ മഞ്ജുഷ, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.


