

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന കര്‍ത്തായുടെ സി.എം.ആര്‍.എല്‍ എന്ന കമ്പനിയില്‍നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയേക്കാള്‍ വലിയ തുകകള്‍ പല കമ്പനികളില്‍നിന്നായി വീണ കൈപ്പറ്റിയിട്ടുണ്ടെന്നാണ് മാത്യു കുഴല്‍നാടന്‍ ഇന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വീണയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്ന് വെല്ലുവിളിച്ചിട്ടും രണ്ട് ദിവസത്തിനിപ്പുറവും സി.പി.എം നേതൃത്വം അതിന് തയാറാവാത്തത് എന്തുകൊണ്ടാണെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴല്‍നാടന്‍ ചോദ്യമുയര്‍ത്തി. വീണയുടെ ജി.എസ്.ടി അക്കൗണ്ടിലേക്കു മാത്രം കരിമണല്‍ കമ്പനിയില്‍നിന്ന് കോടികള്‍ വന്നതായും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്നു വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.

