

ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ വിളയിൻ മൂലയിൽ അഞ്ച് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ 23 വയസ്സുള്ള പവിൻ പ്രകാശിനെയാണ് വർക്കലയിൽ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടിയത്. കൊല്ലത്തുനിന്നും കടയ്ക്കാവൂർ ടിക്കറ്റ് എടുത്ത് ട്രെയിനിൽയാത്ര ചെയ്യുകയായിരുന്ന പവിൻ പ്രകാശ് വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പിൻവശത്തുള്ള ഗുഡ്ഷെഡ് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് പ്രതിയെ അതിസാഹസികമായി വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിനുശേഷം പ്രതി ഒളിവിൽ പോയ കൊല്ലത്തെ മയ്യനാട് ഉള്ള വീട്ടിലെത്തിച്ചു തെളിവുകൾ ശേഖരിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിയോടുകൂടി കീഴാറ്റിങ്ങൽ വിളയിൻമൂല കാരാൻകുന്ന് റോഡിൽ വച്ച് അഞ്ചു പേരെ കുത്തിക്കൊലപ്പെടു ത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ പവിൻ പ്രകാശ്. പ്രതിയുടെ ആക്രമണത്തിൽ നെഞ്ചിൽ കുത്തേറ്റ സിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ള നാല് പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു മാസങ്ങൾക്കു മുമ്പ് വർക്കല കോടതിയിൽ മറ്റൊരു കേസിൽ പിഴ അടയ്ക്കാനായി എത്തിയ പ്രതി മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസോടുകൂടി ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള ശുപാർശ നൽകുമെന്ന് പോലീസ് അറിയിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ഇയാൾ ഇപ്പോൾ ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് വാടകയ്ക്ക് താമസം. ഇയാളോടൊപ്പം അക്രമത്തിൽ പങ്കെടുത്ത മറ്റ് രണ്ടുപേർക്കു വേണ്ടിയുള്ള തിരച്ചിൽ കടക്കാവൂർ പോലീസ് ഊർജ്ജിതമാക്കിയിറ്റുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ പോലീസിന്റെ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
