Breaking News

ലൈഫ് മിഷന്‍ അഴിമതി: സി.ബി.ഐക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ് സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
നേരത്തെ, സി.ബി.ഐ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ലൈഫ് മിഷന്‍ സി.ഇ.ഒയ്‌ക്കെതിരായ അന്വേഷണവും കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍, ലൈഫ്മിഷന്‍ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ എഫ്.സി.ആര്‍.എ ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല, അഴിമതി ആരോപണം സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്ന് ലൈഫ് മിഷനും വാദിച്ചു.
എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവര്‍ക്കടക്കം ഇതില്‍ പങ്കാളിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്ന് സി.ബി.ഐ വാദിച്ചു. ധാരണാപത്രം അഴിമതി നടത്താനുള്ള മറയാണെന്നും ധാരണപത്രം ഒപ്പിട്ടത് ഓഡിറ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്നും ധാരണാപത്രം അണ്ടര്‍ ബെല്ലി ഓപ്പറേഷനാണെന്നുമുള്ള സി.ബി.ഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *