
പാലക്കാട്: എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തെ മാറി മാറി കൊള്ളയടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. എല്‍.ഡി.എഫും യു.ഡി.എഫും കേരളീയരെ സമര്‍ത്ഥമായി പറഞ്ഞുപറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് വര്‍ഷം ഒരു കൂട്ടര് കേരളം കൊള്ളയടിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം വേറൊരു കൂട്ടര് കൊള്ളയടിക്കുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഘടകകക്ഷികളായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്കി. പക്ഷെ ഇവിടെ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആ ആരോപണങ്ങളില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇത് അവര്‍ തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു. എന്താണ് ഈ ഒത്തുകളിയെന്ന് കേരളത്തിലെ ആദ്യമായി വോട്ട് ചെയ്യുന്ന ചെറുപ്പക്കാര്‍ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേറെവേറെ പേരുകളാണെങ്കിലും ജനദ്രോഹ നയങ്ങളില്‍ ഇവര്‍ ഒരുപോലെയാണെന്നാണ് കേരളത്തിലെ യുവത്വം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കുറിച്ചു പറയുന്നത്. രണ്ടു കൂട്ടരും അവരവരുടേതായ മാര്‍ഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുന്നു-മോദി പറഞ്ഞു. യു.ഡി.എഫുകാര്‍ സുര്യന്റെ രശ്മികള്‍ പോലും വെറുതെ വിടില്ലെന്നാണ് സോളാര്‍ അഴിമതി പരോക്ഷമായി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത്. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതുപോലെ സ്വര്‍ണ്ണത്തിന് വേണ്ടി എല്‍.ഡി.എഫ് കേരള ജനതയെ ഒറ്റുകൊടുത്തുവെന്നും അദ്ദേഹം തുറന്നടിച്ചു.
അഴിമതി, ജാതീയത, വര്‍ഗീയത, കുടുംബാധിപത്യം ഉള്‍പ്പെടെയുള്ള സ്വജനപക്ഷപാതം, ക്രിമിനല്‍വത്കരണം എന്നിങ്ങനെ അഞ്ച് രോഗങ്ങള്‍ രാജ്യത്തെ രാഷ്ട്രീയരംഗത്തെ ബാധിച്ചിരിക്കുന്നു. ഈ രോഗങ്ങളുടെയും അടിസ്ഥാനപരമായ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ രാജാക്കന്മാരാണ്. എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുലക്ഷ്യങ്ങളാണുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക, സ്വന്തം കീശ വീര്‍പ്പിക്കുക. ഈ ഒത്തുകളി തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണന്നും മോദി പറഞ്ഞു.
ബി.ജെ.പി കേരളത്തിന് വാഗ്ദാനം ചെയ്യുന്നത് വികസനമാണ്. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിന്റെ വികസനങ്ങളെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ കേരളത്തിന്റെ വികസനം വേഗതയിലാക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ഫാസ്റ്റ്-എഫ്.എ.എസ്.ടി. എന്നീ അക്ഷരങ്ങളില്‍ എഫ്- ഫിഷറീസ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്(മത്സ്യബന്ധന മേഖലയും രാസവള മേഖലയും), എ-അഗ്രികള്‍ച്ചര്‍, ആയുര്‍വേദ(കാര്‍ഷിക മേഖലയും ആയുര്‍വേദ മേഖലയും), എസ്-സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്(നൈപുണ്യ വികസനം, സാമൂഹിക നീതി), ടി- ടൂറിസം ആന്‍ഡ് ടെക്നോളജി(വിനോദ സഞ്ചാര മേഖലയും സാങ്കേതിക വിദ്യയും). ഈ മേഖലകള്‍ക്കെല്ലാം ഉള്‍പ്പെടുന്ന വികസനത്തിന്റെ വാഗ്ദാനമാണ് ബി.ജെ.പി കേരളത്തിന് നല്‍കുന്നെതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.