

വയനാട്: വയനാട്ടിനെ ദുരന്തഭൂമിയാക്കിയ ഉരുള്‍പൊട്ടലില്‍ മരണം 54 ആയി. നൂറിലധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ക്കരികില്‍ അലമുറയിടുന്നവരെയും കാണാതായ ഉറ്റവവരെ തിരഞ്ഞെത്തുന്നവരെയും കൊണ്ട് നിറഞ്ഞരിക്കുകയാണ് വയനാട്ടിലെ ആശുപത്രികള്‍. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് വയനാട്ടിലെ ദുരന്തഭൂമിയിലും ആശുപത്രികളിലും. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്നാണ് പ്രദേശവാസിയായ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദുരന്തം സംഭവിച്ചതെന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. നൂറിലേറെപ്പേര്‍ ഇനിയും മണ്ണിനടിയില്‍പ്പെട്ട് കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാദൌത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്.



മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്റര്‍ (32), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂര്‍ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്. മുണ്ടക്കൈയിലെ ഭൂരിഭാ?ഗം വീടുകളും ഒലിച്ചു പോയിരിക്കുകയാണ്. അട്ടമല, ചൂരല്‍മല മേഖലകളും തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ.


