Breaking News

ഹിമാചലില്‍ ഉരുള്‍പൊട്ടല്‍: വിനോദ സഞ്ചാരികള്‍ കുടുങ്ങി; വീഡിയോ

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ചണ്ഡീഗഡ്-മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു.

കനത്ത മഴയാണ് മാണ്ഡിയില്‍ ഉരുള്‍പൊട്ടലിനും മിന്നല്‍ പ്രളയത്തിനും കാരണമായത്. ദേശീയപാതയിലുള്‍പ്പെടെ വന്‍ പാറകളും മറ്റും വീണതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടങ്ങിക്കിടക്കുകയാണിവിടെ. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ഏഴോ എട്ടോ മണിക്കൂറുകള്‍ക്കകം ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത വീണ്ടും തുറക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. കനത്ത മഴ, ഇടിമിന്നല്‍ എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *