
കോഴിക്കോട്: വ്യാജരേഖ കേസിലെ പ്രതിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന കെ.വിദ്യ എംഫില്‍ നേടിയതും തട്ടിപ്പിലൂടെയെന്ന ആരോപണവുമായി കെ.എസ്.യു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസാണ് വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ഥിയായിരുന്ന വിദ്യ അതേ കാലയളവില്‍ തന്നെ, 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളേജില്‍ മലയാളം വകുപ്പ് ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.
‘യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപിക ആയും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെല്ലോഷിപ്പും കോളേജില്‍ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. എസ്.എഫ്.ഐയ്ക്ക് വിഷയത്തില്‍ കൈകഴുകാനാകില്ല’ – ഷമ്മാസ് പറഞ്ഞു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് എത്തിയ അഗളി പോലീസ് വിദ്യയുടെ വീട് തുറന്ന് പരിശോധിക്കുകയാണ്. അടുത്തവീട്ടില്‍ നിന്നും താക്കോല്‍ വാങ്ങിയ ശേഷമായിരുന്നു വീട് തുറന്ന് പരിശോധന. അവശ്യമായ സെര്‍ച്ച് വാറണ്ട് കൈയില്‍ ഉണ്ടെന്ന് സി.ഐ. സലിം പറഞ്ഞു.
