

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡ് പുനർ നിർമ്മിച്ചതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനസ്ഥാപിക്കണമെന്നും പുതിയ ഷെഡ്യൂളുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സിപിഐഎംന്റെ നേതൃത്വത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെൻറർ അംഗവും നഗരസഭ മുൻ ചെയർമാനുമായ എം.പ്രദീപ് നിവേദനം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ബി. ബൈജുവിന് കൈമാറി.

കെഎസ്ആർടിസിയുടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് വഴി പുത്തൻ പാലം-നെടുമങ്ങാട്, അയിലം- ആറ്റിങ്ങൽ -മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം, അയിലം-കല്ലറ തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഷെഡ്യൂളുകളാണ് താത്കാലികമായി ആറ്റിങ്ങൽ-അയിലം റോഡ് പുനർ നിർമ്മാണത്തിന്റെ പേരിൽ 3 വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി നിർത്തിവെച്ചത്.
ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് വഴി പുത്തൻ പാലം-നെടുമങ്ങാട്ടിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് നിലവിൽ അധികൃതർ റൂട്ട്മാറ്റി സർവീസ് നടത്തുകയാണ്. ഇതിനാൽ ഈ പ്രദേശങ്ങളിൽ നിന്നും വെഞ്ഞാറമൂട് നെടുമങ്ങാട് ഭാഗങ്ങളിൽ പോകേണ്ടവർ രണ്ട് ബസിൽ കയറി ഇറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ.
അയിലം അവനവഞ്ചേരി ഭാഗങ്ങളിൽ നിന്നും ആർ.സി.സി മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ ചികിത്സക്കായി പോകുന്ന രോഗികൾക്കും സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരു ആശ്രയമായിരുന്നു അയിലം- ആറ്റിങ്ങൽ -മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്. ഈ ബസ്സിന്റെ സർവീസ് താൽക്കാലികമായി കെഎസ്ആർടിസി നിർത്തിവച്ചിരിക്കുന്നതോടെ ആർ.സി.സിയിലും മെഡിക്കൽ കോളേജിലേക്കും ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് മറ്റു ബസ്സുകൾ ഇറങ്ങി കയറി കൂടുതൽ പണം നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. എന്നാൽ ഈ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ബസ്സുകൾ ലാഭകരമായിരുന്നു എന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.

അവനവഞ്ചേരി നിവാസികളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് സിപിഐ(എം) ഗ്രാമത്തുംമുക്ക് തച്ചൂർക്കുന്ന് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രദേശവാസികളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന ഷെഡ്യൂളുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറിയത്. കൂടാതെ വർക്കലപാപനാശം – പൊന്മുടി ടൂറിസത്തിന്റെ ഭൂപടത്തിലുള്ള അയിലം റോഡ് വഴി വർക്കല-അയിലം-കാരേറ്റ് വഴി പൊൻമുടി, ചിറയിൻകീഴ്-കാരേറ്റ്-അയിലം-പാലോട് എന്നീ പുതിയ രണ്ട് ബസ് സർവീസുകൾ കൂടി ആരംഭിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

സിപിഐ(എം) ഗ്രാമത്തുംമുക്ക് ബ്രാഞ്ച് സെക്രട്ടറി ഹരിഹരൻ പോറ്റി, തച്ചൂർക്കുന്ന് ബ്രാഞ്ച് സെക്രട്ടറി റ്റി.റ്റി ഷാജി, അംഗങ്ങളായ ജി. ബാബു, കൃഷ്ണദാസ്, സതീഷ്, ശരത് ചന്ദ്രൻ,ജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
