

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഷെഡ്യൂളുകള്‍ പുനരാരംഭിച്ചു. ആറ്റിങ്ങല്‍-ഗ്രാമത്തുംമുക്ക്-പുത്തന്‍പാലം വഴി നെടുമങ്ങാട്, ആറ്റിങ്ങല്‍-അയിലം-മെഡിക്കല്‍ കോളേജ് എന്നീ ബസ്സുകളാണ് ആറ്റിങ്ങല്‍-അയിലം റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താല്‍ക്കാലിമായി നിര്‍ത്തിവെച്ചത്. ഇതില്‍ നെടുമങ്ങാട്ടിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസിന്റെ ഷെഡ്യൂള്‍ പുനക്രമീകരണം നടത്തി വലിയകുന്ന് വഴി സര്‍വീസ് നടത്തുകയും, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം ബസ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. റോഡ് ഗതാഗതയോഗ്യമായതിന് ശേഷവും ഈ ബസുകള്‍ ഇതുവഴി സര്‍വീസ് നടത്താന്‍ കെ.എസ്.ആര്.ടി.സി തയ്യാറായില്ല. നെടുമങ്ങാട് സര്‍വീസും മെഡിക്കല്‍ കോളേജ്-തിരുവനന്തപുരം സര്‍വീസും ജനങ്ങള്‍ക്ക് ഒരേപോലെ ഉപയോഗപ്രദമായ പ്രധാന സര്‍വീസുകള്‍ ആയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ചികിത്സയ്ക്ക് പോയിരുന്ന രോഗികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രധാന ആശ്രയമായിരുന്നു രാവിലെ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സിയുടെ ബസ്. അതുപോലെതന്നെ വര്‍ഷങ്ങളുടെ പഴക്കമുള്ള നെടുമങ്ങാട് സര്‍വീസ് നിലച്ചതോടെ അവനവഞ്ചേരി പ്രദേശത്തടക്കമുള്ളവര്ക്ക് രണ്ട് ബസ് കയറിയിറങ്ങേണ്ട അവസ്ഥയായി. ഈ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കെ.എസ്.ആര്.ടി.സിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്മാന് എം.പ്രദീപിന്റെ നേതൃത്വത്തില്‍ സി.പി.എം ഗ്രാമത്തുംമുക്ക്, തച്ചൂര്‍ക്കുന്ന് ബ്രാഞ്ചുകളിലെ പൊതുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തിയതിന് ശേഷം നിവേദനം ഒ.എസ്.അംബിക എം.എല്‍.എക്കും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും കൈമാറി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആര്.ടി.സിയുടെ ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നും സര്‍വീസ് ആരംഭിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. തുടര്‍ന്ന് ഗ്രാമത്തുംമുക്ക് ജംഗ്ഷന് എത്തിയ ബസിന് സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കി. അവിടെ വച്ച് ബസ് അലങ്കരിച്ച ശേഷമാണ് ആദ്യ യാത്ര ആരംഭിച്ചത്. മുടങ്ങിക്കിടന്ന സര്‍വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി മുന്‍കൈയെടുത്ത ഒ.എസ്.അംബിക എംഎല്‍എയ്ക്കും, ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്മാന് എം.പ്രദീപിനും നാട്ടുകാര്‍ നന്ദി രേഖപ്പെടുത്തി. ബസ്സിന്റെ സമയക്രമം ഇങ്ങനെ:

1) ആറ്റിങ്ങല്‍- ഗ്രാമത്തുംമുക്ക് -പുത്തന്‍പാലം – നെടുമങ്ങാട്: രാവിലെ 6:30, 09:50 , വൈകുന്നേരം 5:00 മണി.
2)നെടുമങ്ങാട്-പുത്തന്‍പാലം-ഗ്രാമത്തുംമുക്ക്-ആറ്റിങ്ങല്‍: രാവിലെ 8:10, വൈകുന്നേരം 3:20.
3) ആറ്റിങ്ങല്‍ – മെഡിക്കല്‍ കോളേജ് – തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്ന് രാവിലെ 7:30 ന് ആരംഭിച്ച് 7:55 ന് അയിലത്ത് എത്തിച്ചേരും. അയിലത്ത് നിന്ന് 8:10 ന് ആരംഭിച്ച് ആറ്റിങ്ങല്‍ – മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരത്തേക്ക് 10 മണിക്ക് എത്തിച്ചേരും. ഉച്ചക്ക് 2:25 ന് തിരുവനന്തപുരത്ത് ആരംഭിച്ച് മെഡിക്കല്‍ കോളേജ് ആറ്റിങ്ങല്‍ വഴി അയിലത്ത് 4:20 ന് എത്തിച്ചേരും. അയലത്ത് നിന്ന് വൈകുന്നേരം 4:40 ന് ആരംഭിച്ച ആറ്റിങ്ങല്‍ വഴി മെഡിക്കല്‍ കോളേജില്‍ 6:10 ന് എത്തിച്ചേരും. (ഈ ട്രിപ്പ് മെഡിക്കല്‍കോളേജില്‍ അവസാനിക്കും).
