

തിരുവനന്തപുരം: 143 പുതിയ ബസുകളുകളുടെ ഫ്‌ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്‌ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.
പുതിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് വരാന്‍ പോകുന്നത്.

അതോടൊപ്പം കെഎസ്ആര്‍ടിസി ആധുനികവത്കരിക്കുന്നു. ഈ യാത്ര മംഗളമായി ഭവിക്കട്ടെയെന്നും കൂടുതല്‍ യശസ്സിലേക്ക് കെഎസ്ആര്‍ടിസി ഉയരട്ടെയെന്നും ആശംസിക്കുന്നുവെന്നും എല്ലാവരും അതിനവശ്യമായ സഹായവും പിന്‍തുണയും സഹകരണവും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഫ്‌ലീറ്റുകളുടെ ആധുനികവത്കരണം നടത്തുന്ന ആദ്യത്തെ സന്ദര്‍ഭമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലിങ്ക് ബസ്സുകള്‍, സൂപ്പര്‍ഫാസ്റ്റ് പ്രീമിയം/സൂപ്പര്‍ഫാസ്റ്റ് തുടങ്ങി സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ബസ്സുകളും വോള്‍വോ ബസ്സുകള്‍ അടക്കമുള്ള ഇന്ന് ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവുമാധുനിക ബസ്സുകളുമായി കെഎസ്ആര്‍ടിസി ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ഈ തുടക്കം ഒരു വലിയ വിജയമാകുമെന്നതില്‍ സംശയമില്ല.

അതോടൊപ്പം കെഎസ്ആര്‍ടിസിയുടെ ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതല്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഓടുന്ന വണ്ടികളില്‍ ഉള്‍പ്പെടെ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടിസിയുടെ വളര്‍ച്ചയില്‍ മുഖ്യമന്ത്രി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒന്നാം തിയതി ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിന്തുണ കൊണ്ട് മാത്രമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം കെഎസ്ആര്‍ടിസിയോട് കാണിക്കുന്ന പ്രത്യേക പരിഗണനയാണ് ഇത്രയും അധികം പുതിയ വണ്ടികള്‍ ഇവിടെ വന്നത്. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച വണ്ടികള്‍ വാങ്ങാന്‍ സഹായിച്ചത് മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്സ് ട്രാവല്‍ കാര്‍ഡിന്റെ പ്രകാശനവും വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിപുലീകരിച്ച കമ്പ്യൂട്ടര്‍ അധിഷ്ഠിത ബാര്‍കോഡ് ഇന്‍വെന്ററി സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിജിറ്റല്‍ ക്ലോക് റൂമിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ ഡി.ജി കുമാരന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉയര്‍ന്ന യാത്രാ സൗകര്യങ്ങളുമുള്ള ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കുന്നത്. എസി സ്ലീപ്പര്‍, സീറ്റര്‍, സ്ലീപ്പര്‍ കം സീറ്റര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ജില്ലകളെ ബന്ധിപ്പിക്കുന്ന ലിങ്ക് ബസ്, മിനി ബസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.