

കല്ലമ്പലം : ദേശീയപാതയിൽ കല്ലമ്പലം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ്, ടിപ്പർ ലോറിയിലിടിച്ച് 30 ബസ് യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു അപകടം.
ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ബസ്, നഗരൂർ റോഡിൽനിന്നു മെറ്റലുമായി ജങ്ഷനിൽ എത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയാൻ ശ്രമിച്ച ലോറിയിൽ ഇടിക്കുകയായിരുന്നു.
അമിതവേഗത്തിൽ ബസ് ജങ്ഷനിലെത്തിയപ്പോൾത്തന്നെ ഇടറോഡിൽനിന്നു ലോറിയും ദേശീയപാതയിൽ എത്തിയിരുന്നു. കൂട്ടിയിടിയെത്തുടർന്ന് ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുഖം കമ്പിയിലും സീറ്റിലും ഇടിച്ചാണ് കൂടുതൽപേർക്കും പരിക്കേറ്റത്.
സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവർ ആലപ്പുഴ മനു നിവാസിൽ മനോജി (56)നെ നാട്ടുകാർചേർന്ന് രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓച്ചിറ സ്വദേശി വർഷരാജൻ (39), കൊട്ടിയം സ്വദേശി ഫാത്തിമ (16), പാപ്പനംകോട് സ്വദേശി സുലേഖ ബീവി (50), കൊല്ലം സ്വദേശികളായ ആംജിത്ത് (44), ടിക്കു അരവിന്ദ് (44), ബഷീർ (56), ചവറ സ്വദേശികളായ വിനോദ് (38), ഋഷിക (8), രേവതി (28), നജീബ് (46), അനഘബാബു (20), ഹരിപ്പാട് സ്വദേശി പ്രദീപ്, പുലിയൂർകോണം സ്വദേശികളായ ആമിന (26), ബീനബീഗം (58), ആലപ്പുഴ സ്വദേശികളായ ഗോപിക (23), പ്രകാശ് (28), നൂറനാട് സ്വദേശികളായ അജിതകുമാരി (49), ബിനു (41), കാരംകോട് സ്വദേശി ഷിബുസക്കറിയ (41), മാവേലിക്കര സ്വദേശി ഷൈൻ (59), കാര്യവട്ടം സ്വദേശി സതീഷ്‌കുമാർ (44), പുത്തൻപാലം സ്വദേശി അർച്ചന (34), ചാത്തന്നൂർ സ്വദേശികളായ ഗീതിക ദിവ്യ കൃഷ്ണ (24), തിരുവനന്തപുരം സ്വദേശി നിത്യാനന്ദൻ (69), കരുനാഗപ്പള്ളി സ്വദേശികളായ അങ്കിത (22), അനീഷ് (23), കൊല്ലംകോട് സ്വദേശികളായ സ്റ്റാലിൻ (33), പാൾട്ട് (45) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കണ്ടക്ടറായ ആലപ്പുഴ സ്വദേശി ബിജു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.