
കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച ടിപ്പര്‍ അനീഷ് എന്ന് വിളിക്കുന്ന തിരുവനന്തപുരം ശ്രീകാര്യം മുക്കില്‍ക്കട വി.എസ്.നിവാസില്‍ വി.നിധിന്‍(28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ലോറികളും ടോറസുകളുമാണ് ഇയാളുടെ സ്ഥിരം മോഷണ വസ്തുക്കള്‍. ഇടയ്ക്കിടയ്ക്ക് ബസുകളും ഇയാള്‍ മോഷ്ടിക്കും.
ഇയാള്‍ പാലക്കാട് ഉണ്ടെന്ന് മനസിലാക്കിയ കൊല്ലം റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സംഘം അവിടെയെത്തിയാണ് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്ന ടിപ്പര്‍ അനീഷിനെ കുടുക്കിയത്. തിരുവനന്തപുരം ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണ കേസുകളുണ്ട്.
എന്നാല്‍, ഇയാള്‍ കൊട്ടാരക്കരയില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിക്കാനുണ്ടായ കാരണമാണ് രസകരം.
കൊട്ടാരക്കരയില്‍നിന്ന് പാരിപ്പള്ളിയിലെത്താന്‍ ബസ് ടിക്കറ്റ് എടുക്കാനുള്ള കാശ് ഇയാളുടെ പക്കല്‍ ഇല്ലായിരുന്നു. ബൈക്കിന് കൈകാണിച്ചെങ്കിലും ബൈക്ക് യാത്രക്കാര്‍ ലിഫ്റ്റ് കൊടുക്കാന്‍ തയാറായതുമില്ല. ഒടുവില്‍ സഹികെട്ടാണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പാരിപ്പള്ളിയില്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിന് കൊടുത്തിരിക്കുന്ന മൊഴി.
ഈ മാസം എട്ടാം തീയതിയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മുപ്പത് കിലോമീറ്റര്‍ അപ്പുറമുളള പാരിപ്പള്ളിയില്‍ വഴിയോരത്ത് നിന്ന് ബസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.