Breaking News

ഐ.സി.യുവിലെ പീഡന കേസ്: രണ്ടാം തവണയും റിപ്പോര്‍ട്ട് നല്‍കാതെ മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ഐ.സി.യുവിലെ പീഡന കേസില്‍ വനിത കമ്മീഷന് തുടര്‍ച്ചയായ രണ്ടാം തവണയും റിപ്പോര്‍ട്ട് നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. അതിജീവതയെ സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടിയിന്മേലാണ് വനിത കമ്മീഷന്‍ മെഡിക്കല്‍ കോളേജ്ധികൃതരോട് റിപ്പോര്‍ട്ട് തേടിയത്. പരാതിക്കാരി രണ്ട് തവണയും കമ്മീഷന് മുന്നില്‍ ഹാജരായിരുന്നുവെങ്കിലും മെഡിക്കല്‍ കോളേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയാറാകാത്തതിനാല്‍ മടങ്ങിപ്പോവുകയാണുണ്ടായത്. മെഡിക്കല്‍ കോളേജിനോട് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് പറഞ്ഞ വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി മെഡിക്കല്‍ കോളേജിന്റെ നടപടി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അറിയിച്ചു.

അതിജീവതയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പീഡന പരാതി ഇല്ലാതാക്കാന്‍ 5 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിജീവിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാന്‍ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. എന്നാല്‍, പ്രതികളായ 5 വനിതാ ജീവനക്കാരെയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *