
വര്‍ക്കല: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ ആയുഷ് വകുപ്പ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സഹായകരമായെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. വര്‍ക്കല ഗവ. യോഗ പ്രകൃതി ചികിത്സ ആശുപത്രിയിലെ പുതിയ പേ വാര്‍ഡ് മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങള്‍ മികച്ച പങ്കാണ് വഹിച്ചത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള മരുന്നുകള്‍ നല്ലൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഔഷധി ഈ കാലയളവില്‍ പ്രതിരോധമരുന്നുകളുടെ ഉല്‍പാദനം വന്‍തോതിലാണ് വര്‍ധിപ്പിച്ചത്. ആയുഷ് വകുപ്പിനു കീഴില്‍ 50 കോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല ഗവ.യോഗ പ്രകൃതിചികിത്സ ആശുപത്രിയില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ വിനിയോഗിച്ചാണ് പുതിയ പേവാര്‍ഡ് മന്ദിരം നിര്‍മ്മിച്ചത്. 24000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ 20 പേ വാര്‍ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള വാര്‍ഡുകള്‍
ട്രീറ്റ്‌മെന്റ് റൂം, ഡോക്ടര്‍- നഴ്‌സിംഗ് റൂമുകള്‍, വിശ്രമ മുറി, ജനറേറ്റര്‍ റൂം, പവര്‍ റൂം, ഡൈനിങ് ഹാള്‍, ലിഫ്റ്റ് തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യ സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയെന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവില്‍ ആഹാര ക്രമീകരണം, യോഗാഭ്യാസം വിവിധ ജല ചികിത്സകള്‍, മണ്ണ് ചികിത്സ, പ്രണായാമം, അക്യുപങ്ചര്‍ തുടങ്ങി വിവിധ ചികിത്സാ രീതികള്‍ ഇവിടെ നടന്നു വരുന്നുണ്ട്.
ചടങ്ങില്‍ അഡ്വ.വി.ജോയി എം.എല്‍.എ അധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.അജയകുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ, വിവിധ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.