
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കാജനകമായി കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,020 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 40,414 എണ്ണവും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 291 മരണങ്ങളില്‍ 108 എണ്ണവും മഹാരാഷ്ട്രയിലാണ്. കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചന തുടങ്ങി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കുറച്ചു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപനശൃംഖല മുറിക്കുന്നതിനായി 15 ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശിപാര്‍ശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നാണ് ലഭിക്കുന്ന സൂചന. നാഗ്പുര്‍, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മുംബൈ, പുണെ എന്നിവിടങ്ങളും സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഈ മാസം മാത്രം മഹാരാഷ്ട്രയില്‍ 5.58 ലക്ഷം പേര്‍ക്കാണു രോഗബാധയുണ്ടായത്. 2,000 പേര്‍ മരിച്ചു. 3.2 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ഉള്ളത്.
മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. കേരളം, ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം വര്‍ധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കേന്ദ്ര ആരോഗ്യസെക്രട്ടറി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.