

വര്‍ക്കല: ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ റമദാന്‍ പ്രേരകമാകണമെന്ന് കെ.എന്‍.എം. ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മാസക്കാലത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വര്‍ക്കല ഓടയം നദുവത്തുല്‍ മുസ്ലിമീന്‍ ചീഫ് ഇമാം മൗലവി ഹബീബ് മദനി പറഞ്ഞു.


കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ഓടയം യൂണിറ്റിന്റെയും, നദുവത്തുല്‍ മുസ്ലിമീന്‍ മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വര്‍ക്കല കുരയ്ക്കണ്ണി ആസാദ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘ഈദ്ഗാഹില്‍’ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബ പ്രസംഗത്തിനും നേതൃത്വം നല്‍കുകയായിരുന്നു ഇമാം. മനുഷ്യ ഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങള്‍ സുശക്തമാകുമെന്നും, മനുഷ്യ മനസ്സിനെ സംസ്‌കരിക്കാനും, സമ്പത്തിനെ ശുദ്ധീകരിക്കാനും ‘സക്കാത്ത് ‘ എന്ന നിര്‍ബന്ധദാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ചുറ്റുമുള്ളവരുടെ വേദനകളും ദുഃഖങ്ങളും അറിയാനും അവയില്‍ പങ്കുചേരാനും അവശത യനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാനും നമുക്ക് കഴിയണമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. ഈദ് നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് ഈദ് ഗാഹില്‍ എത്തിയവര്‍ വീടുകളിലേക്ക് മടങ്ങിയത്. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ഈദ് നമസ്‌കാരത്തിലും ഖുതുബയിലും പങ്കെടുത്തു. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടേയും, സംഘടിത ഫിത്തര്‍ സക്കാത്ത് വിതരണത്തിന്റെയും ഭാഗമായി അര്‍ഹരായ നിരവധി പേര്‍ക്ക് റമദാന്‍ മാസക്കാലത്ത് സഹായങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.



