Breaking News

കെ.എം.ലാജി നഗരസഭ ചെയര്‍മാന്‍: വര്‍ക്കലയില്‍ ഇടത് ഭരണം തുടരും

കെ.എം.ലാജി വര്‍ക്കല നഗരസഭ ചെയര്‍മാന്റെ പദവി ഏറ്റെടുത്തപ്പോള്‍

വര്‍ക്കല: നഗരസഭാ ചെയര്‍മാനായി കെ.എം.ലാജിയെ തെരഞ്ഞെടുത്തു. സി.പി.എം ഏരിയാ സെന്റര്‍ അംഗമാണ് ലാജി. പതിനൊന്നിനെതിരെ പതിനാല് വോട്ടുകള്‍ നേടിയാണ് ലാജി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആര്‍.അനില്‍കുമാറാണ് എന്‍.ഡി.എയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഇതോടെ വര്‍ക്കലയില്‍ എല്‍.ഡി.എഫ് ഭരണം തുടരുകയാണ്.

ചെയര്‍മാന്‍ പദവി ഏറ്റെടുത്തശേഷം കെ.എം.ലാജി മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈസ് ചെയര്‍പേഴ്സനെ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തെരഞ്ഞെടുക്കും. സ്വതന്ത്രയായി വിജയിച്ച് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച കുമാരി സുദര്‍ശിനിയെ പിന്തുണയ്ക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്ന പ്രിയാ ഗോപനാണ്. ഏഴ് അംഗങ്ങളുള്ള യു.ഡി.എഫ് മത്സരത്തില്‍നിന്ന് വിട്ടുനിന്നു.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത 33 അംഗ നഗരസഭാ കൗണ്‍സിലില്‍ എല്‍.ഡി.എഫ്.-12, എന്‍.ഡി.എ.-11, യു.ഡി.എഫ്.- ഏഴ്, സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് നഗരസഭയില്‍ ഭരണസമിതി രൂപീകരിച്ചത്.

ചെയര്‍മാന്‍ പദവി ഏറ്റെടുത്തശേഷം കെ.എം.ലാജിയും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തിയ നഗരപ്രദക്ഷിണം

വോട്ടെടുപ്പില്‍ സ്വതന്ത്രരായ കുമാരി സുദര്‍ശിനി, ആമിനാ അലിയാര്‍ എന്നിവരുടെ പിന്തുണ പ്രതീക്ഷിച്ചതുപോലെതന്നെ സി.പി.എമ്മിന് ലഭിച്ചു. എന്നാല്‍ മറ്റൊരു സ്വതന്ത്ര അംഗമായ ശ്രേയസിന്റെ പിന്തുണ ബി.ജെ.പി പ്രതീക്ഷിച്ചുവെങ്കിലും അദ്ദേഹം വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *