
തിരുവനന്തപുരം: പിതാവിന്റെ പിതാവിന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന അപേക്ഷയുമായി പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍. കോടതി ഉത്തരവുമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനെയും പോലീസിനെയും ആത്മഹത്യ ഭീഷണി മുഴക്കി പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപത്ത് താമസിക്കുന്ന രാജന് പൊള്ളലേറ്റ് മരിച്ചത്.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കുടിയൊഴിപ്പിക്കല്‍ തടയാന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാജന്റെ ഭാര്യയുടെ നിലയും അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പോലീസിനെതിരെയും ആരോപണം ഉയരുന്നു. രാജന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കവെ പോലീസ് ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചതാണ് തീ ആളിപ്പടരാന്‍ കാരണമെന്നാണ് പോലീസിനെതിരായി ഉയരുന്ന ആരോപണം. സംഭവത്തിന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പിതാവിന്റെ മരണത്തിന് ഇടയാക്കിയ പോലീസുകാരനും അയല്‍വാസിയായ വസന്തയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് രാജന്റെ മക്കള്‍ ആവശ്യപ്പെടുന്നു. ‘പോലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക ഭക്ഷണം നല്‍കുമായിരുന്നു’-മകന് രാഹുല്‍ പറഞ്ഞു.
പിതാവിനെ താമസിച്ച സ്ഥലത്തുതന്നെ അടക്കാന്‍ ഉത്തരവിടണമെന്നും മക്കള്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’- മകന് രഞ്ജിത്ത് പറഞ്ഞു.
ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റിട്ടുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരമാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാന്‍ പൊലീസെത്തിയത്. അയല്‍വാസിയായ വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന് കയ്യേറിയതായി കാണിച്ച് കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
കയ്യേറിയ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും കോവിഡ് വ്യാപനകാലത്ത് രാജന് ഇവിടെ കുടില്‍ കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കുകയായിരുന്നു. തന്റെ വസ്തുവിലാണ് കുടില്‍ കെട്ടിയതെന്നു രാജന് വാദം ഉന്നയിച്ചതോടെ വസന്ത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനാണ് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസം മുന്‍പ് കമ്മിഷന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദേശമനുസരിച്ച് കയ്യേറ്റം ഒഴിപ്പിക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തിയത്. വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന് വീടിനകത്തു കയറി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കുകയായിരുന്നു.