Breaking News

കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

ആന്ധ്രയിലെ അതീവ തീവ്രവാദബാധിത മേഖലയിൽ നിന്ന് സാഹസികമായി അറസ്റ്റ്

കൊല്ലം: പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിന്റെ അന്വേഷണത്തിനൊടുവിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്ന അന്തർസംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയായ ആന്ധ്രാപ്രദേശ് സ്വദേശി
പാങ്കിമഹേന്ദ്രം (43) അറസ്റ്റിലായി.

മറ്റൊരു കേസിലെ പ്രതിയായ മുകേഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി ലാണ് പാങ്കിമഹേന്ദ്രത്തെ ക്കുറിച്ച് നിർണായക വിവരം പൊലീസിന് ലഭിച്ചത്.തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ നിർദേശപ്രകാരം പൂയപ്പള്ളി ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

എസ്.ഐ. രജനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, റിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതി ആന്ധ്ര–ഒഡീഷ അതിർത്തിയിലെ വനമേഖലയായ ദാരകൊണ്ട (Darakonda) സ്വദേശിയും അതീവ തീവ്രവാദബാധിത മേഖലയിലാണ് താമസിക്കുന്നതുമായതിനാൽ ദിവസങ്ങളോളം രഹസ്യനിരീക്ഷണം നടത്തിയ ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതി നഗരത്തിലെത്തിയ അവസരം മുതലെടുത്ത് വിശാഖപട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ദുവ്വാഡ (Duvvada) സ്റ്റീൽ പ്ലാന്റിന് സമീപത്ത് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ചാടിക്കയറി തോക്ക് ചൂണ്ടിയാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ സാഹസികമായി കീഴടക്കിയത്.

ആന്ധ്രാപ്രദേശിലെ കഞ്ചരപാലേം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് എൻഡിപിഎസ് കേസുകളിലും പാങ്കിമഹേന്ദ്രം പ്രതിയാണ്. 2022-ലെ കേസിൽ 10 കിലോഗ്രാം കഞ്ചാവും 2019-ലെ കേസിൽ 47.4 കിലോഗ്രാം കഞ്ചാവും കടത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന വിതരണക്കാരിൽ ഒരാളാണ് ഇയാളെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്താൽ സംസ്ഥാനത്തെ മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *