Breaking News

പതിനായിരം കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേരളം; കടം കുമിഞ്ഞു കൂടിയെന്ന് കേന്ദ്രം

ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ കൊമ്പുകോര്‍ത്തു. നിലവില്‍ പതിനായിരം കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന വാദം കേരളം മുന്നോട്ടുവച്ചപ്പോള്‍ കേരളത്തില്‍ കടം കുമിഞ്ഞുകൂടിയെന്ന് കേന്ദ്രവും വാദിച്ചു. സി.എ.ജി റിപ്പോര്‍ട്ട് അടക്കം തെറ്റായി വ്യാഖാനിക്കുകയാണ് കേരള സര്‍ക്കാരെന്നും കേന്ദ്രം വാദിച്ചു. അഞ്ചര മണിക്കൂറോളം നീണ്ട മാരത്തണ്‍ വാദപ്രതിവാദങ്ങളാണ് ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്. ഈ സാമ്പത്തികവര്‍ഷം കേന്ദ്ര കണക്കുകള്‍ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്, ഇതിനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്, കേന്ദ്രത്തില്‍ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ലെന്നും, ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും കേരളത്തിനായി കപില്‍ സിബല്‍ വാദിച്ചു.

2021-24 കാലയളവില്‍ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ടുവച്ചു. എന്നാല്‍ കേരളത്തിന്റെ വാദത്തെ എതിര്‍ത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍ കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വാദിച്ചു. കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്. നിലവിലുള്ള കേന്ദ്ര-മാനദണ്ഡങ്ങള്‍ക്ക് മുകളിലാണ് കേരളത്തിന്റെ കടമെടുപ്പ്. ധനകാര്യ നടത്തിപ്പ് പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന് സിഎജി റിപ്പോര്‍ട്ടുണ്ട്. വരുമാനത്തെക്കാള്‍ ചെലവുള്ള സംസ്ഥാനം കടം വാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ അമിതമായി കേരളം കടം എടുക്കുകയാണെന്നും കണക്കുകള്‍ നിരത്തി കേന്ദ്രം വാദിച്ചു. കേരളത്തിന്റെ ധനകാര്യമാനേജ്‌മെന്റ് മോശമാണെന്ന വാദം കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *