

ദില്ലി: ദില്ലി മദ്യനയ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിചാരണ കോടതിയെ മറികടന്ന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളയാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി(എ.എ.പി)ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.


ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ.കവിതയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയതും ഹര്‍ജി പിന്‍വലിക്കാന്‍ എ.എ.പിയെ പ്രേരിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ നേരിട്ട് ജാമ്യഹര്‍ജി സമര്‍പ്പിച്ച കവിതയോട് വിചാരണ കോടതിയെ സമീപിക്കാനാണ് സു്പ്രീംകോടതി മൂന്നംഗ ബഞ്ച് നിര്‍ദേശിച്ചത്. കെജ്‌രിവാളിന്റെ കാര്യത്തിലും സുപ്രീംകോടതി ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്ന നിഗമനത്തിലാണ് നിയമോപദേശകരും പാര്‍ട്ടി നേതാക്കളും. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു.


ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എം.എം.സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്‌പെഷല്‍ ബെഞ്ചാണ് എ.എ.പിയുടെ ഹര്‍ജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ മനു അഭിഷേക് സിങ്വി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്പെഷ്യല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.


