
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ(എം) നേതാവ് പി.ജയരാജന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. കേസില്‍ യു.എ.പി.എ ചുമത്താന്‍ സി.ബി.ഐ.ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്ത് പി.ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
മാത്രമല്ല, യു.എ.പി.എ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, യുഎപിഎ നിലനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ തെറ്റില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്മേലാണ് പ്രതികള്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചത്. എന്നാല്‍, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് ശരിവയ്ക്കുകയായിരുന്നു.
യുഎപിഎ ചുമത്താന്‍ അനുമതി നല്‍കേണ്ടത് കേന്ദ്രമല്ല സംസ്ഥാന സര്‍ക്കാരാണെന്ന പ്രതികളുടെ പ്രധാന വാദത്തെ തള്ളിക്കൊണ്ട് യുഎപിഎ ചുമത്താന്‍ കേന്ദ്ര സര്‍ക്കാരിനും അനുമതി നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഗൂഢാലോചന കുറ്റമാണ് പി.ജയരാജനും മറ്റുമെതിരെ ചുമത്തിയിരിക്കുന്നത്.
സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, പയ്യന്നൂര്‍ സ്വദേശി പി.ഐ. മധുസൂദനന്, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി. സജിലേഷ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കേസില്‍ 20 മുതല്‍ 25 വരെ പ്രതികളാണിവര്‍.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29-ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.